ശ്രീലങ്ക എ-ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ സൗത്ത് ആഫ്രിക്ക എ ടീമിന് വിജയം. പല്ലേക്കൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിഷാൻ മധുഷ്ക (68), ജനിത് ലിയാനഗെ (76) എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനങ്ങളുടെ പിൻബലത്തിൽ 264/8 എന്ന ടോട്ടൽ കണ്ടെത്തുകയായിരുന്നു.
265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, ഓപ്പണർ ജോർദാൻ ഹെർമാനെ (0) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ടോണി ഡി സോർസി (35), കീഗൻ പീറ്റേഴ്സൺ (42) എന്നിവർ ചേർന്ന് രണ്ടാം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാൽ, മധ്യനിര തകർന്നടിഞ്ഞതോടെ വീണ്ടും ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. ഒടുവിൽ, ഡെവാൾഡ് ബ്രെവിസിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്.
DEWALD BREVIS! pic.twitter.com/zAL3WHbuE3
— Hazim (@hazim_ajk) June 4, 2023
മത്സരത്തിൽ ഏഴാമനായി ക്രീസിൽ എത്തിയ ഡെവാൾഡ് ബ്രെവിസ്, സെനുരൻ ക്വിശില്ല (22), ബെയേഴ്‌സ് സ്വനിപോൾ (43*) എന്നിവരെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ 71 പന്തുകൾ നേരിട്ട ഡെവാൾഡ് ബ്രെവിസ് 6 ഫോറും 7 സിക്സും സഹിതം 98* റൺസ് സ്കോർ ചെയ്ത് പുറത്താകാതെ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ഡെവാൾഡ് ബ്രെവിസിന്, ഈ സീസണിൽ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. 2022 ഐപിഎൽ സീസണിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബേബി ഡിവില്ല്യേഴ്സ് എന്നാണ് ആരാധകർ ഡെവാൾഡ് ബ്രെവിസിനെ സ്നേഹത്തോടെ വിളിക്കുന്നത്. തീർച്ചയായും ഉടനെ തന്നെ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയുടെ സീനിയർ ടീമിൽ തുടർച്ചയായി കാണാനാകും എന്ന് തന്നെ പ്രതീക്ഷിക്കാം.