ടോപ് ഓർഡറിൽ എത്തി.. ആരെയും പേടിക്കാത്ത ബാറ്റിംഗ്… ഇതാണ് നമ്മൾ കാത്തിരുന്ന സഞ്ജു സ്റ്റൈൽ ബാറ്റിംഗ്
അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 33 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. ഇന്ത്യക്കായി ഋതുരാജ് സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2-0 എന്ന നിലയിലാണ് പരമ്പര. എന്തായാലും വിൻഡീസിനെതിരെ ട്വന്റി20 പരമ്പര നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് അയർലൻഡിനെതിരായ ഈ വിജയങ്ങൾ നൽകുന്നത്.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യക്കായി ഓപ്പണർമാരായ ജെയിസ്വാളും ഋതുരാജും ഭേദപ്പെട്ട തുടക്കം നൽകുകയുണ്ടായി. എന്നാൽ ജയിസ്വാൾ 11 പന്തുകളിൽ 18 റൺസെടുത്ത് കൂടാരം കയറി. ശേഷം പിന്നാലെയെത്തിയ തിലക് വർമയും ചെറിയ ഇടവേളയിൽ മടങ്ങിയതോടെ ഇന്ത്യ 34ന് 2 എന്ന നിലയിൽ തകരുകയായിരുന്നു. പിന്നീടാണ് നാലാം നമ്പറിൽ സഞ്ജു സാംസൺ ക്രീസിലെത്തിയത്.
സഞ്ജു വളരെ പതിഞ്ഞ താളത്തിൽ തന്നെയാണ് ഇന്നിങ്സ് ആരംഭിച്ചത്. അനാവശ്യ ഷോട്ടുകൾ ആദ്യമേ കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ സഞ്ജു തയ്യാറായില്ല. പകരം ഋതുരാജുമൊത്ത് മൂന്നാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിച്ചത്. നേരിട്ട ആറാം പന്തലായിരുന്നു സഞ്ജു തന്റെ ആദ്യ ബൗണ്ടറി നേടിയത്. ശേഷം പത്താം ഓവറിൽ ഒരു കിടിലൻ സ്ട്രൈറ്റ് ഡ്രൈവ് കളിച്ച് സഞ്ജു ബൗണ്ടറി സ്വന്തമാക്കുകയുണ്ടായി. ഇത്തരത്തിൽ വളരെ പതിയെയാണ് സഞ്ജു ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോയത്.
എന്നാൽ പിന്നീട് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുവന്നു. ജോഷ് ലിറ്റിലിനെതിരെ പതിനൊന്നാം ഓവറിൽ തുടർച്ചയായി 3 ബൗണ്ടറുകൾ നേടി സഞ്ജു തന്റെ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിച്ചു. ആ ഓവറിൽ തന്നെ ഒരു പടുകൂറ്റൻ സിക്സർ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇതോടെ പഴയ സഞ്ജുവിന്റെ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്.
എന്നാൽ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ ക്ലീൻ ബൗൾഡ് ആയി സഞ്ജു സാംസണ് കൂടാരം കേറേണ്ടിവന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു 5 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 40 റൺസ് ആയിരുന്നു നേടിയത്. എന്തായാലും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം പരിശോധിക്കുമ്പോൾ വളരെ ഭേദപ്പെട്ട ഫലം തന്നെയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.