അഴിഞ്ഞാടി കോഹ്ലിയും രാഹുലും.. മുട്ട് വിറച്ചു വീണുപോയി പാക് ടീം
പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നിര. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 356 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ അത്യുഗ്രൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ഇത്തരം ഒരു മികച്ച സ്കോർ സമ്മാനിച്ചത്.
ഇന്ത്യക്കായി രോഹിത് ശർമ, ശുഭമാൻ ഗിൽ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നീ ബാറ്റർമാരൊക്കെയും ശക്തമായ പ്രകടനം തന്നെ കാഴ്ചവച്ചു. മത്സരത്തിൽ തട്ടുപൊളിപ്പൻ സെഞ്ച്വറികളാണ് കെഎൽ രാഹുലും വിരാട് കോഹ്ലിയും നേടിയത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. പതിവിനു വിപരീതമായി പാകിസ്താന്റെ പേസ് നിരക്കെതിരെ വളരെ പോസിറ്റീവായി ആണ് ഇന്ത്യൻ ഓപ്പണർമാർ കളിച്ചത്. ആദ്യ വിക്കറ്റിൽ 121 റൺസിന്റെ കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി നായകൻ രോഹിത് ശർമ 49 പന്തുകളിൽ ആറു ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 56 റൺസ് ആണ് നേടിയത്.
ശുഭ്മാൻ ഗിൽ 52 പന്തുകളിൽ 10 ബൗണ്ടറുകളടക്കം 58 റൺസ് നേടി തുടക്കം അതിഗംഭീരമാക്കി. എന്നാൽ ചെറിയ ഇടവേളയിൽ ഇരുവരുടെയും വിക്കറ്റ് നഷ്ടമായത് ഇന്ത്യയെ പിന്നോട്ടടിച്ചിരുന്നു. ശേഷം ഇന്നിംഗ്സിന്റെ 25 ആം ഓവറിൽ മഴയെത്തിയതോടെ മത്സരം റിസർവ് ഡേയിലേക്ക് മാറ്റി.രണ്ടാം ദിവസവും അതിശക്തമായി തന്നെയാണ് വിരാട് കോഹ്ലിയും കെഎൽ രാഹുലും ആരംഭിച്ചത്. പാക്കിസ്ഥാൻ ബോളർമാരെ അടിച്ചുതൂക്കി ഇരുവരും ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കോയ്മ നൽകി.
മത്സരത്തിൽ രാഹുൽ തന്റെ ആറാം സെഞ്ച്വറി സ്വന്തമാക്കിയപ്പോൾ, വിരാട് കോഹ്ലി കരിയറിലെ 47 ആം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ 100 പന്തുകളിയിൽ നിന്നായിരുന്നു രാഹുലിന്റെ സെഞ്ച്വറി. വിരാട് കോഹ്ലി 84 പന്തുകൾ നേരിട്ടാണ് തന്റെ 47 ആം ഏകദിന സെഞ്ചുറി പൂർത്തീകരിച്ചത്. ഇരുവരുടെയും കിടിലൻ ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 356 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.